മാമോത്തുകൾ



ആഫ്രിക്കയിലാണ് പൂർവ്വികന്മാർ എന്നെങ്കിലും മാമോത്തുകൾക്ക് ആഫ്രിക്കൻ ആനകളേക്കാൾ കൂടുതൽ അടുപ്പം ഉണ്ടായിരുന്നത് ഇക്കാലത്തെ ഏഷ്യൻ ആനകളുമായാണ്. മാമോത്തുകളുടേയും ഏഷ്യൻ ആനകളുടേയും പൂർവികർ 60-73 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കൻ ആനകളുടെ പൂർവ്വികരിൽ നിന്നും പിരിയുകയാണുണ്ടായത്. പിന്നീട് ആഫ്രിക്കൻ മാമോത്ത് വടക്കേ യൂറോപ്പിലേക്ക് പാലാ‍യനം ചെയ്തു. ഇവർ പിന്നീട് യൂറോപ്പിലും ഏഷ്യയിലും മുഴുവൻ പരക്കുകയും, തുടർന്ന് വടക്കേ അമേരിക്കയിൽ എത്തിച്ചേരുകയും ചെയ്തു.

700,000 വർഷങ്ങൾക്ക് മുൻപ്, ചൂടുള്ള കാലാവസ്ഥ മാറി യൂറോപ്പിലുള്ള താഴ്വരകളിലും ഏഷ്യ, വടക്കേ അമേരിക്ക തുടങ്ങിയ ഇടങ്ങളിലും തണുപ്പുള്ള കാലാവസ്ഥയായി. അതേത്തുടർന്ന് അവിടങ്ങൾ‍ അധികം വളക്കൂറില്ലാത്തതും പരന്ന പ്രതലങ്ങൾ നിറഞ്ഞതുമായി മാറി. അതോടെ ദക്ഷിണ മാമോത്ത് അവിടങ്ങളിൽ നിന്നും പിന്മാറി, അവിടെ തണുപ്പ് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഴിവുള്ള സ്റ്റെപ്പി മാമോത്ത് (Steppe mammoth - Mammuthus trogontherii) പകരം വന്നു. അതിനുശേഷം രോമാവൃതമായ ശരീരമുള്ള വൂളി മാമത്ത് (woolly mammoth - Mammuthus primigenius) 150,000 വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ടു. ഹിമയുഗത്തിലെ കടുത്ത തണുപ്പുമായി പൊരുത്തപ്പെടാൻ വൂളി മാമോത്തിന് കൂടുതൽ കഴിവുണ്ടായിരുന്നു.

വൂളി മാമോത്തുകൾ വളരെ സഫലമായ ഒരു വർഗ്ഗമായിരുന്നു; സ്പെയിൻ തൊട്ട് വടക്കേ അമേരിക്ക വരെ അവയുള്ള സ്ഥലങ്ങളിൽ വളരെ ഭീമയായ സംഖ്യയിൽ അവ ഉണ്ടായിരുന്നു. റഷ്യൻ ഗവേഷകൻ സെർജി സിമോവ്, ഹിമയുഗ കാലഘട്ടത്തിൽ സൈബീരിയയുടെ ചില ഭാഗങ്ങളിൽ ഏതാണ് അറുപത് മൃഗങ്ങൾ ഓരോ നൂറ് ചതുരശ്ര അടി മണ്ണിലും ഉണ്ടായിരുന്നതായി കണക്ക് കൂട്ടുന്നു - ഇത് ഇന്നത്തെ ആഫ്രിക്കൻ ആനകളുടേതിന് തുല്യമാണ്.

വംശനാശം.

ഹിമയുഗത്തിന്റെ അന്ത്യത്തോടെ മാമോത്തുകൾ മിക്കവാറും അന്യം നിന്നിരുന്നു. ഈ വംശനാശത്തിന് ഒരു പൂർണ്ണ വിശദീകരണം ഇനിയും ലഭ്യമല്ല. എന്നിരുന്നാലും വ്രാങ്കൽ ദ്വീപസമൂഹങ്ങളിൽ (Wrangel Island) കാണപ്പെട്ടിരുന്ന കുള്ളൻ മാമോത്തുകൾക്ക് 1700 മുതൽ 1500 BC കാലയളവിലാണ് വംശനാശം സംഭവിച്ചത് എന്നതിന് തെളിവുകൾ ഉണ്ട്.

മാമോത്തുകളുടെ വംശനാശം, കാലാവസ്ഥാ പരിണാമങ്ങൾ കൊണ്ടാണൊ അതോ മനുഷ്യന്റെ വേട്ടയാടൽ കൊണ്ടാണോ എന്നത് ഇന്നും വിവാദ വിഷയമായി തുടരുന്നു. മറ്റൊരു സിദ്ധാന്തം ഇവയുടെ വംശനാശം ഒരു പകർച്ചവ്യാധി കാരണമായിരുന്നു എന്ന് വിശദീകരിക്കുന്നു.

ജീവനുള്ള ആനകളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞ പുതിയ വിവരങ്ങൾക്കനുസരിച്ച് മനുഷ്യന്റെ വേട്ടയാടൽ മാമോത്തുകളുടെ വംശനാശത്തിന് പ്രധാന കാരണമായിരുന്നില്ലെങ്കിലും അത് ഒരു സുപ്രധാന ഘടകം തന്നെയായിരുന്നു എന്ന് സ്ഥിരീകരിക്കുന്നു. ഹോമോ ഇറക്റ്റസുകൾ മോമോത്ത് മാംസം 1.8 മില്യൺ വർഷങ്ങൾക്ക് മുമ്പ് തന്നെ ഉപയോഗിച്ചിരുന്നു എന്നറിയപ്പെടുന്നു.



അതേ സമയം American Institute of Biological Sciences അതിന്റെ പഠനങ്ങളിൽ ചത്തുവീണതും തുടർന്ന് മറ്റ് ആനകളാൽ ചവുട്ടിഞെരിക്കപ്പെട്ടതുമായ ആനയുടെ എല്ലുകളിൽ അറുക്കലിനോട് സാമ്യമുള്ള അടയാളങ്ങൾ കാണപ്പെട്ടതായി രേഖപെടുത്തുന്നു. ഇത് മുൻ കാലങ്ങളിൽ പുരാണവസ്തുശാസ്ത്രജ്ഞന്മാരാൽ വേട്ടയാടപ്പെട്ടവയായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. റഷ്യയിലെ വ്രാങ്കൽ ദ്വീപസമൂഹങ്ങളിലെ (Wrangel Island) കുള്ളൻ മാമോത്തുകളുടെ നിലനിൽപ്പിന് കാരണം ആ ദ്വീപുകൾ വളരെ അപ്രാപ്യവും നവീന ശിലായുഗത്തിന്റെ ആ‍രംഭത്തിൽ തന്നെ ആൾതാമസമില്ലാതായി തീർന്നതും ആയിരുന്നു. 1820 കളിൽ അമേരിക്കൻ സമുദ്രയാത്രികർ കണ്ടുപിടിക്കുന്നത് വരെ ഈ ദ്വീപ് ആധുനിക ലോകത്തിന് അജ്ഞമായിരുന്നു. സമാന തരത്തിലുള്ള രൂപ പരിണാമം അല്പം നേരത്തെ തന്നെ കാലിഫോർണിയയുടെ അടുത്തുള്ള ചാനൽ ദ്വീപുകളിലുള്ള മാമോത്തുകൾക്ക് സംഭവിച്ചിരുന്നു. എന്നാൽ ഈ മൃഗങ്ങൾ അമേരിക്കയിലെ നവീന ശിലായുഗവാസികളാൽ കൊല്ലപെട്ടിരിക്കാനാണ് കൂടുതൽ സാദ്ധ്യത.




2006, ഓഗസ്റ്റ് 14 ന് ഒരു പറ്റം ഗവേഷകർ വളരെ മുമ്പെ അന്യം നിന്ന് പോയ രോമകുപ്പായക്കാരായ മാമോത്തുകളുടെ ഒരു സങ്കരയിനത്തെ വംശനാശത്തിൽ നിന്നും തിരിച്ച് കൊണ്ട് വരാനുള്ള സാധ്യതകൾ ഉണ്ടെന്ന് പ്രഖ്യാപിച്ചു. ആൺ മാമോത്തുകളുടെ മരവിപ്പിച്ച് സൂക്ഷിച്ചിരിക്കുന്ന ബീജങ്ങൾ ഏഷ്യൻ ആനകളുടെ അണ്ഡങ്ങളിൽ നിക്ഷേപിക്കാനാവുമെന്നും അത് വഴി ഒരു മാമോത്ത്-ആന സങ്കരയിനത്തിനെ ജനിപ്പിക്കാനാവുമെന്നും അവർ അവകാശപ്പെടുന്നുണ്ട്.