ചാത്തന്നൂർ: കെ.എസ്.ആർ. ടി ഫാസ്റ്റ് പാസഞ്ചർ ബസ് ടിപ്പർ ലോറിയുടെ പിറകിൽ ഇടിച്ച് ഇരുപത്തിരണ്ട്  പേർക്ക് പരിക്ക്. ബസ് ഡ്രൈവർ നെയ്യാറ്റിൻകര, തിരുപ്പുറം, ചെറിയ പുല്ലിംഗൽ വീട്ടിൽ ഷൈജു (38), കൊല്ലം സ്വദേശികളായ സ്നേഹ (19), സാന്ദ്ര (19), തസ്നി (21), കാവനാട് സ്വദേശികളായ ബിൻസി (24), രഞ്ജിത് (37), ഷെർളി (40), കരിക്കോട് സ്വദേശി ശബ്ന (21), ആശ്രാമം സ്വദേശി കവിത (25), മടവൂർ സ്വദേശി താര (49), വർക്കല സ്വദേശി സജികുമാർ (48), നെടുമങ്ങാട് സ്വദേശി വികാസ് (43), ചവറ സ്വദേശി വിഷ്ണുപ്രീയ (33), പാരിപ്പള്ളി സ്വദേശി സൗമ്യ (30), മിയണ്ണൂർ സ്വദേശി സുമയ്യ (27), നീണ്ടകര സ്വദേശികളായ മെഴ്സി ജൂലിയറ്റ് (39), പ്രിൻസ് (18), തിരുവനന്തപുരം സ്വദേശി മീനു (21), കൊല്ലം സ്വദേശി പ്രസാദ് (63), ചവറ സ്വദേശി ശ്രീജ (46), മൈനാഗപ്പള്ളി സ്വദേശി സുനിൽ കുമാർ (31), മുഖത്തല സ്വദേശി യൂനുസ് കുഞ്ഞ് (69) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ പാരിപ്പള്ളി ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. കല്ലുവാതുക്കൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു  അപകടം. കൊല്ലത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നിൽ അതേ ദിശയിൽ വന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ  ഫാസ്റ്റ് പാസഞ്ചർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിച്ചു. പരവൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. ചാത്തന്നൂർ ഡിപ്പോയിൽ നിന്നും മറ്റൊരു വാഹനമെത്തി സർവീസ് തുടർന്നു.