ന്യൂഡൽഹി : ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര നൽകുമെന്ന് റിപ്പോർട്ട്. യുദ്ധസമയത്തെ ധീരതയ്ക്ക് നൽകുന്ന ബഹുമതിയാണ് മഹാവീർ ചക്ര. പരം വീർ ചക്ര കഴിഞ്ഞാൽ യുദ്ധ സമയത്ത് നൽകുന്ന ഏറ്റവും വലിയ രണ്ടാമത്ത ബഹുമതിയാണിത്. ഗാൽവാനിൽ ചൈനീസ് സൈനികരെ നേരിട്ട ഇന്ത്യൻ സൈനികർക്ക് യുദ്ധസമയത്തെ ധീരതയ്ക്കുള്ള ബഹുമതികൾ നൽകണമെന്ന് സൈന്യം ശുപാർശ ചെയ്തിരുന്നു. 

സാധാരണ സമാധാന കാലത്ത് നടക്കുന്ന സംഘർഷങ്ങളിൽ വീരമൃത്യു വരിക്കുന്നവർക്ക് മഹാവീർ ചക്ര പോലുള്ള ബഹുമതികൾ നൽകാറില്ല. കാർഗിൽ യുദ്ധസമയത്തിനു ശേഷമുള്ള ആദ്യ മഹാവീർ ചക്രയാണ് കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി ലഭിക്കുന്നത്. ഗാൽവാനിൽ ഇന്ത്യൻ സൈനികരെ ആക്രമിക്കുന്നതറിഞ്ഞ് സംഘർഷ മേഖലയിലേക്ക് പാഞ്ഞെത്തിയ കേണൽ സന്തോഷ് ബാബു വീരോചിതമായി പോരാടിയാണ് വീരമൃത്യു വരിച്ചത്. അന്ന് ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ ഭാഗത്ത് എത്രപേർ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കുകൾ ചൈനീസ് സൈന്യം പുറത്തു വിട്ടിരുന്നില്ല.